മൂന്നുകിലോ സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുന്ന ബിസനസുകാരനു ജന്മദിനത്തിനു സ്വര്‍ണ്ണഷര്‍ട്ട്! - Malabarflash

Like On Facebook

demo-image

Home Top Ad

Responsive Ads Here

Post Top Ad

Thursday, August 7, 2014

demo-image

മൂന്നുകിലോ സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുന്ന ബിസനസുകാരനു ജന്മദിനത്തിനു സ്വര്‍ണ്ണഷര്‍ട്ട്!

Responsive Ads Here
gold-shirt
മുംബൈ: സ്വര്‍ണ്ണത്തോക്കുകൊണ്ട് എതിരാളികളെ നേരിടുന്ന വില്ലനെ ജയിംസ്‌ബോണ്ട് കഥകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍, യഥാര്‍ഥ ജീവിതത്തില്‍ സ്വര്‍ണ്ണത്തോക്കു കൈവശം വച്ചും സ്വര്‍ണ്ണ ഷര്‍ട്ട് ധരിച്ചും വിലസി നടന്നാലോ? അതും സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. വേറെയെങ്ങുമല്ല നമ്മുടെ സ്വന്തം രാജ്യത്തുതന്നെ. മഹാരാഷ്ട്ര നാസിക്കിലെ യോല കോര്‍പറേഷനംഗം പങ്കജ് പരാഖ് ആണ് ഈ സുവര്‍ണമനുഷ്യന്‍.

സാധാരണ യോല നഗര ത്തിലൂടെ നടക്കാനിറങ്ങുന്ന ഇയാള്‍ ചുരുങ്ങിയതു മൂന്നു കിലോഗ്രാമോളം സ്വര്‍ണ്ണാഭരണങ്ങള്‍ അണിയാറുണ്ട്. നാളെ നടക്കുന്ന 45-ാം ജന്മദിനത്തില്‍ ഇദ്ദേഹം അണിയുന്നത് പതിവ് ആഭരണങ്ങള്‍ക്കു പുറമെ, നാലു കിലോഗ്രാം വരുന്ന സ്വര്‍ണ്ണ ഷര്‍ട്ട് ധരിച്ചാണ്. 1.30 കോടി രൂപ മുടക്കിയാണു പങ്കജ് പരാഖ് ഈ ഷര്‍ട്ട് വാങ്ങിയത്. ജന്മദിനാഘോഷ ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി ഛഗന്‍ ബുജ്ഭാല്‍ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളിലെ ഒരു ഡസനോളം എംഎല്‍എമാരും ബോളിവുഡ് താരങ്ങളുമെല്ലാം പങ്കെടുക്കുന്നുണ്ട്.

പങ്കജിന്റെ സ്വര്‍ണ്ണ ഷര്‍ട്ടിലെ ഏഴു ബട്ടണ്‍സുകളും തനി സ്വര്‍ണം തന്നെ. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്‌സിലും ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഇടം പിടിക്കുകയെന്നതും ഇതിലൂടെ പങ്കജ് പരാഖ് ലക്ഷ്യമിടുന്നു. അഞ്ചാം വയസുമുതല്‍ സ്വര്‍ണത്തോടു തനിക്ക് അതിയായ മോഹമാണെന്നും ഇതിനോടകം താന്‍ സ്വര്‍ണത്തിന് അടിമയായെന്നും യാതൊരു സങ്കോചവും കൂടാതെ പങ്കജ് പറയുന്നു. നാസിക്കിലെ ബാഫ്‌ന ജ്വല്ലറിയാണ് തനിക്കുവേണ്ടി അതിവിശിഷ്ടമായ ഈ സ്വര്‍ണ്ണഷര്‍ട്ട് ഡിസൈന്‍ ചെയ്തതെന്നും മുംബൈ പാറെലിലെ ശാന്തി ജ്വല്ലറിയിലാണ് ഇതു നിര്‍മിച്ചതെന്നും പങ്കജ് കൂട്ടിച്ചേര്‍ത്തു. 18-22 കാരറ്റുള്ള തനിസ്വര്‍ണത്തിലാണു ഷര്‍ട്ട് തയ്ച്ചതെന്നും മറ്റു ലോഹങ്ങളുടെ യാതൊരു മിശ്രിതവുമില്ലെന്നും ഇതിനായി ഉപയോഗിച്ച പണമുള്‍പ്പെടെ എല്ലാ കാര്യങ്ങളും ആദായനികുതി വകുപ്പുമുമ്പാകെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും പങ്കജ് വ്യക്തമാക്കി.

തെരഞ്ഞെടുക്കപ്പെട്ട 20ഓളം സ്വര്‍ണപണിക്കാര്‍ കഴിഞ്ഞ രണ്ടുമാസമായി 3,200 മണിക്കൂര്‍ അത്യധ്വാനം ചെയ്താണ് ഈ സുവര്‍ണഷര്‍ട്ട് തയ്‌ച്ചെടുത്തത്. മുംബൈയിലെത്തി ജ്വല്ലറിയില്‍നിന്ന് ഈ ഷര്‍ട്ട് വാങ്ങിയ പങ്കജ് ഇതണിഞ്ഞു നഗരത്തിലെ പ്രശസ്തമായ സിദ്ധിവിനായക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തു. സ്വര്‍ണ്ണഷര്‍ട്ടാണെങ്കിലും സാധാരണ ഷര്‍ട്ടുപോലെ അയഞ്ഞുകിടക്കുന്നതും അലക്കാവുന്നതും കീറുകയോ മറ്റോ ചെയ്താല്‍ പൂര്‍വസ്ഥിതിയിലാക്കാവുന്നതുമാണ് ഈ ഷര്‍ട്ട്. ആജീവനാന്ത വാറണ്ടിയോടെയാണ് പങ്കജ് ഈ ഷര്‍ട്ട് വാങ്ങിയിട്ടുള്ളത്. ലൈസന്‍സുള്ള സ്വര്‍ണനിര്‍മിതമായ തോക്കും പങ്കജിനുണ്ടെന്നു സംസാരമുണ്ട്.

എട്ടാംക്ലാസില്‍ പഠനം നിര്‍ത്തി കുടുംബത്തിന്റെ പരമ്പരാഗതമായ തുണിവ്യവസായത്തിന്റെ നേതൃത്വം ഏറ്റെടുത്തയാളാണു പങ്കജ്. ബിസിനസ് വളരുമ്പോഴും സ്വര്‍ണത്തോടുള്ള ഇദ്ദേഹത്തിന്റെ ആസക്തിയും പിന്തുടര്‍ന്നു. 23 വര്‍ഷംമുമ്പ് വിവാഹവേദിയില്‍ ഭാര്യ പ്രതിഭ അണിഞ്ഞതിനെക്കാള്‍ സ്വര്‍ണ്ണാഭരണം അണിഞ്ഞത് പങ്കജായിരുന്നു. ബന്ധുക്കളുടെ വിവാഹചടങ്ങുകളിലും മറ്റും പോകുമ്പോള്‍ ഇപ്പോഴും ഇതു തുടരുന്നു. ഭാര്യ പ്രതിഭ പരമാവധി 50 ഗ്രാം വരെ സ്വര്‍ണം അണിയുമ്പോള്‍ പങ്കജ് അണിയുന്നതു മൂന്നു കിലോ വരുന്ന സ്വര്‍ണ്ണാഭരണം. എന്‍സിപിനേതാവുകൂടിയായ ഇദ്ദേഹം 1991 മുതല്‍ കോര്‍പറേഷനംഗമാണ്.

സമ്പാദിച്ചുകൂട്ടുന്ന പണം മുഴുവന്‍ പങ്കജ് സ്വര്‍ണ്ണം വാങ്ങിച്ചുകൂട്ടുകയാണെന്നു ധരിച്ചാല്‍ തെറ്റി. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം സജീവമാണ്. ഓരോ വര്‍ഷവും ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും രാജസ്ഥാനിലെ ഉദയ്പൂരിലുള്ള നാരായണ്‍ സേവ സന്‍സ്താന്‍ ആശുപത്രിയില്‍ സന്നദ്ധസേവനം നടത്തുകയെന്നത് ഇദ്ദേഹത്തിന്റെ പതിവാണ്. പോളിയോ ബാധിതര്‍ക്കു ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയായ ഇവിടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 120ഓളം പോളിയോബാധിതര്‍ക്കാണു ശസ്ത്രക്രിയയ്ക്കായി പങ്കജ് ധനസഹായം നല്‍കിയത്. നിരവധി പേര്‍ക്കു വിദ്യാഭ്യാസ സഹായവും ചെയ്തുവരുന്നു.

Keywords: Mumbai, Gold Shirt, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Post Bottom Ad

Pages

Contact Form

Name

Email *

Message *