പ്രവാസികള്‍ക്ക് 'പകരംവോട്ട് 'അനുവദിക്കാന്‍ ആലോചന - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 3, 2014

പ്രവാസികള്‍ക്ക് 'പകരംവോട്ട് 'അനുവദിക്കാന്‍ ആലോചന

ന്യൂഡല്‍ഹി : പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ പകരക്കാരെ ഉപയോഗിച്ചു വോട്ട് ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വോട്ട് അനുവദിക്കുന്നത് ക്രമക്കേടുകള്‍ക്കു വഴിവയ്ക്കുമെന്നാണു വിലയിരുത്തല്‍.

പ്രവാസികള്‍ക്കു 2010ല്‍ ജനപ്രാതിനിധ്യ നിയമ ഭേദഗതിയിലൂടെ അനുവദിച്ച വോട്ടവകാശം വിനിയോഗിക്കാനുള്ള പ്രായോഗിക തടസ്സങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടു ദുബായിലെ ഡോ. വി.പി. ഷംഷീര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇനി ഈ മാസം 25ന് ആണു പരിഗണിക്കുന്നത്. പ്രവാസി ജോലിചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള വഴികള്‍ നിര്‍ദേശിക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പു കമ്മിഷനിലെയും വിദേശകാര്യ, പ്രവാസികാര്യ, നിയമമന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥരുള്‍പ്പെട്ട സമിതിയാണു വിഷയം പഠിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് ഈ മാസം മൂന്നാം വാരത്തോടെ കോടതിക്കു നല്‍കുമെന്നാണു സൂചന. പഠനഭാഗമായി ഈയിടെ ദേശീയ പാര്‍ട്ടികളോടു സമിതി അഭിപ്രായം ചോദിച്ചിരുന്നു.

ഓണ്‍ലൈന്‍ വോട്ട് സംവിധാനം പിന്നീടു പരിഗണിക്കാവുന്നതാണെന്നും ഇന്ത്യയിലെ പകരക്കാരെ ഉപയോഗിച്ചു (പ്രോക്‌സി) വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാവും ഇപ്പോള്‍ പ്രായോഗികമെന്നും ബിജെപി വ്യക്തമാക്കി. ഇപ്പോഴത്തെ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നും ഓണ്‍ലൈന്‍ വോട്ട് പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുമെന്നും സിപിഎമ്മിന്റെ നീലോല്‍പല്‍ ബസുവും സിപിഐയുടെ അതുല്‍കുമാര്‍ അഞ്ജാനും വ്യക്തമാക്കി. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച മുന്‍ പ്രവാസികാര്യമന്ത്രി വയലാര്‍ രവിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ് മാക്കനും വിദേശങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ വോട്ടെടുപ്പു സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചു.

ഓണ്‍ലൈന്‍ സംവിധാനം അനുവദിച്ചാല്‍ ഇന്ത്യാവിരുദ്ധ നിലപാടുള്ളവരും മറ്റും വോട്ടെടുപ്പു സൈറ്റുകളില്‍ കടന്നുകയറി തിരഞ്ഞെടുപ്പു പ്രക്രിയയെത്തന്നെ അട്ടിമറിക്കുമെന്ന ആശങ്കയാണ് ഉന്നയിക്കപ്പെടുന്നത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ വോട്ടര്‍മാര്‍ക്കു പോളിങ് ബൂത്തിനെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനം ഒരു മണിക്കൂറിനുള്ളില്‍ തന്നെ 'ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായിരുന്നു. ഗുജറാത്തില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തിയത് സമിതി പഠിച്ചു. ഏകദേശം 3000 വോട്ടര്‍മാര്‍ മാത്രമുള്ള മണ്ഡലത്തില്‍ 70 പേര്‍ മാത്രമാണ് ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ചതെന്നും അതിനുതന്നെ വളരെ സങ്കീര്‍ണമായ നടപടിക്രമങ്ങളാണു വേണ്ടിവന്നതെന്നുമാണു വ്യക്തമായത്.

വിദേശത്തെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങളില്‍ വോട്ടെടുപ്പു സൗകര്യമേര്‍പ്പെടുത്തുന്നത് ജനാധിപത്യ ഭരണസംവിധാനമില്ലാത്ത രാജ്യങ്ങള്‍ക്കു സ്വീകാര്യമാകുമോയെന്ന ആശങ്ക ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വലിയതോതില്‍ ഇന്ത്യക്കാരുള്ള ചില രാജ്യങ്ങളില്‍ വോട്ടെടുപ്പിനായി ജനം തടിച്ചുകൂടുന്നത് ആ രാജ്യങ്ങളില്‍ ജനാധിപത്യരീതിക്കായി ആവശ്യമുയരാന്‍ വഴിവയ്ക്കുമോയെന്നതാണ് ഉന്നയിക്കപ്പെടുന്ന പ്രശ്‌നം.

തപാല്‍ വോട്ട് ചെയ്യണമെങ്കില്‍ അതിന് അപേക്ഷ നല്‍കുന്നതില്‍ തുടങ്ങി, രേഖപ്പെടുത്തിയ വോട്ട് റിട്ടേണിങ് ഓഫിസറുടെ പക്കല്‍ വോട്ടെണ്ണലിനു മുന്‍പ് എത്തുന്നതുവരെയുള്ള നടപടികള്‍ സങ്കീര്‍ണമാണ്. വിദേശത്തുള്ള വോട്ടര്‍ക്ക് രേഖ അയച്ചുകൊടുത്തു നിശ്ചിത സമയത്തിനുള്ളില്‍ റിട്ടേണിങ് ഓഫിസര്‍ക്കു തിരികെ ലഭ്യമാക്കാനാവില്ല. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ്, പകരക്കാരെ ഉപയോഗിച്ചുള്ള വോട്ടെടുപ്പിന്റെ (പ്രോക്‌സി വോട്ട്) സാധ്യതകള്‍ പരിശോധിക്കാമെന്ന നിലപാടുണ്ടായതെന്നാണു സൂചന. ഏതു രീതിയില്‍ നടപ്പാക്കുമെന്നു കൃത്യമായി പറയാതെ, ഓരോ വോട്ടെടുപ്പ് രീതിയും അനുകൂല പ്രതികൂല ഘടകങ്ങള്‍ വ്യക്തമാക്കി സമിതി കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയേക്കുമെന്നാണു സൂചന.

പ്രവാസികള്‍ക്കു തങ്ങള്‍ ആവശ്യപ്പെടുന്ന രീതിയിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിയമഭേദഗതിയുടെ ആവശ്യമില്ലെന്നും ജനപ്രാതിനിധ്യ നിയമത്തിലെ 60സി വകുപ്പുമായി ബന്ധപ്പെടുത്തിയുള്ള വിജ്ഞാപനം മതിയാകുമെന്നുമാണു ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുകുള്‍ റോത്ഗിയും ഹാരീസ് ബീരാനും സുപ്രീം കോടതിയില്‍ വാദിച്ചത്. ഇപ്പോള്‍ അറ്റോര്‍ണി ജനറലായ റോത്ഗിയുടെ നിയമോപദേശത്തില്‍ മാറ്റമുണ്ടാവില്ലെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.


Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages