നിയമത്തിന്റെ നൂലാമാലയില്‍ കുടുങ്ങി മദ്ധ്യവയസ്‌കന്റെ മൃതദേഹം ഏഴ് മണിക്കൂര്‍ നേരം മോര്‍ച്ചറിയില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 5, 2015

നിയമത്തിന്റെ നൂലാമാലയില്‍ കുടുങ്ങി മദ്ധ്യവയസ്‌കന്റെ മൃതദേഹം ഏഴ് മണിക്കൂര്‍ നേരം മോര്‍ച്ചറിയില്‍

കാഞ്ഞങ്ങാട് : നിയമത്തിന്റെ നൂലാമാലയില്‍ കുരുങ്ങി മദ്ധ്യവയസ്‌കന്റെ മൃതദേഹം ഏഴ് മണിക്കൂര്‍ നേരം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ കിടന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട ആറങ്ങാടിക്കടുത്ത കോട്ടക്കടവിലെ എം കെ ഹമീദിന്റെ (55) മൃതദേഹമാണ് നിയമ കുരുക്കില്‍ കുടുങ്ങി മണിക്കൂറുകളോളം ആശുപത്രി മോര്‍ച്ചറിയില്‍ കിടത്തേണ്ടി വന്നത്.

ബുധനാഴ്ച വൈകിട്ട് 3.30 മണിയോടെ ഹൃദയാഘാതം നേരിട്ട ഹമീദിനെ പരിസരവാസികളും ബന്ധുക്കളും ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹമീദ് മരണപ്പെട്ടിരുന്നു. ആശുപത്രിയിലെ സര്‍ജന്‍ രവീന്ദ്രന്‍ മരണം ഉറപ്പു വരുത്തിയതിനു ശേഷം പോലീസ് നടപടി ക്രമങ്ങള്‍ വേണമെന്ന നിലപാട് സ്വീകരിച്ചു. 

ഹമീദിന്റെത് സ്വാഭാവികമരണമാണെന്നും വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ പരാതിയില്ലെന്നും പോലീസ് റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടുകൊടുക്കാന്‍ കഴിയുകയുള്ളൂ എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതര്‍. ഇതേ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസിന് ഡോക്ടര്‍ ഇന്റിമേഷന്‍ അയച്ചു കൊടുക്കുകയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. 

എന്നാല്‍ സ്വാഭാവിക മരണമായതിനാല്‍ തുടര്‍നടപടികള്‍ ഒഴിവാക്കാനായിരുന്നു പോലീസിന്റെ തീരുമാനം. ഇതേ തുടര്‍ന്ന് ഇന്റിമേഷന്‍ പോലീസ് തിരിച്ചയച്ചു. പക്ഷെ പോലീസിന്റെ റിപ്പോര്‍ട്ട് ലഭിക്കാതെ മൃതദേഹം വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടില്‍ ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ ഉറച്ചു നിന്നു. ഇതോടെ ഹമീദിന്റെ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും പ്രകോപിതരായി. 

എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാക്ക്, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, എ ഡി എം എച്ച് ദിനേശന്‍ തുടങ്ങിയവരെ ബന്ധപ്പെട്ട ചില പൊതു പ്രവര്‍ത്തകര്‍ മൃതദേഹം വിട്ടുകിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തി. നിയമത്തിന്റെ നൂലാമാലകള്‍ അതേ പടി നിലനിന്നതോടെ നൂറ് കണക്കിനാളുകള്‍ രാത്രിയില്‍ ആശുപത്രിയിലെത്തി ബഹളം വെച്ചു. ബാംഗ്‌ളൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയനെ സന്ദര്‍ശിക്കാന്‍ യാത്രതിരിച്ച ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ വിവരമറിഞ്ഞ ഉടന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ആഭ്യന്തര മന്ത്രാലയത്തെയും ബന്ധപ്പെട്ട് ഹമീദിന്റെ മൃതദേഹം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. 

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ച് ഉടന്‍ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്‍ ജില്ലാ ആശുപത്രിയിലെത്തുകയും ഹമീദിന്റെ ബന്ധുക്കളില്‍ നിന്ന് മൊഴി എടുത്ത ശേഷം ആശുപത്രി അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് രാത്രി പത്തരമണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
നേരത്തെ ഗള്‍ഫിലായിരുന്നു ഹമീദ്. സി എച്ച് അബ്ദുള്ളയുടെയും ആസ്യയുടെയും മകനാണ്. കഴിഞ്ഞ മെയ് മാസത്തില്‍ ഹമീദിന്റെ സഹോദരന്‍, ഉമ്മ ആസ്യയും മണിക്കൂറുകള്‍ക്കുള്ളിലാണ് മരണപ്പെട്ടത്.
റാബിയയാണ് ഹമീദിന്റെ ഭാര്യ. നിസാര്‍ (പടന്നക്കാട് നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി), നിഷാദ്, നിഷാന, മരുമകന്‍: ജലീല്‍ (തൈക്കടപ്പുറം), സഹോദരങ്ങള്‍: അബ്ദുള്‍ റഹിമാന്‍, അഹമ്മദ് കുഞ്ഞി, ബഷീര്‍, അഷ്‌റഫ്, ഖദീജ, നബീസ.
മയ്യത്ത് വ്യാഴാഴ്ച രാവിലെ ആറങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages