പയ്യന്നൂര്‍: നാടും നാട്ടകവും കഥാപാത്രങ്ങളാകുന്ന അന്നൂര്‍ ആലിന്‍കീഴിലെ വഴിയോരശില്‍പ്പം യാത്രികര്‍ക്കും നാട്ടുകാര്‍ക്കും കൗതുകക്കാഴ്ചയാവുന്നു. നാടകമുറങ്ങുന്ന മണ്ണിലേക്ക് ആദ്യമായെത്തുന്ന കേരള സംഗീത നാടക അക്കാദമിയുടെ ഉത്തരമേഖലാ നാടകമത്സരത്തെ ചരിത്രമാക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് ഗ്രാമത്തിലെ കലാകാരന്മാര്‍ നാടകവേദിയുടെ വ്യത്യസ്തമായ വഴിയോര ശില്‍പ്പം ഒരുക്കിയത്.
അന്നൂരിലെ കലാമണ്ഡപം, സി കെ ബാബുരാജ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, അന്നൂര്‍ നാടകവീട് തുടങ്ങിയ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ബാബു അന്നൂര്‍, സി കെ സുധീര്‍, സി കെ സുനില്‍ തുടങ്ങിയ കലാകാരന്മാരാണ് നാടകവേദിയുടെ മാതൃകയുടെ നിര്‍മാണത്തിനു പിന്നില്‍.
തെര്‍മോകോള്‍, ചാക്ക്, മുള തുടങ്ങിയവ ഉപയോഗിച്ചാണ് നിര്‍മാണം. 29 മുതല്‍ സെപ്തംബര്‍ മൂന്നു വരെയാണ് നാടകോത്സവം. ആദ്യമായാണ് അക്കാദമിയുടെ നാടകമത്സരത്തിനു പയ്യന്നൂരും പരിസരവും വേദിയാകുന്നത്. അന്നൂര്‍ ചിന്മയ സ്കൂള്‍ മൈതനിയില്‍ ഒരുക്കിയ കെ എം കെ നഗറിലാണ് മത്സരങ്ങള്‍.
രണ്ടായിരം പേര്‍ക്കിരിക്കാവുന്ന പന്തലും 40 അടിയിലധികം വിസ്തീര്‍ണമുള്ള വേദിയുമാണ് സജ്ജമാക്കുന്നത്. ഉദ്ഘാടന ദിവസം വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സിന്റെ "എറണ്ടിന ഒരു രാജ്യമാണ്" അരങ്ങിലെത്തും. തുടര്‍ന്ന് അഞ്ചു ദിവസം കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ "കാണി", കോഴിക്കോട് തിയേറ്റര്‍ ലവേഴ്സിന്റെ "ജീവിക്കാനുള്ള സന്ദേശങ്ങള്‍", പാലക്കാട് കോങ്ങാട് നാടകസംഘത്തിന്റെ "ലല്ല', കടന്നപ്പള്ളി പാടിയില്‍ ഗ്രാമവേദിയുടെ "സദാചാരവാര്‍ത്തകള്‍", കോഴിക്കോട് തിയേറ്റര്‍ കമ്പനിയുടെ "ഹൗസ് നമ്പര്‍ 303' എന്നീ നാടകങ്ങള്‍ അരങ്ങുണര്‍ത്തും.
75 ഓളം രചനകളില്‍നിന്നും തെരഞ്ഞെടുത്ത 12 എണ്ണമാണ് ഉത്തര-ദക്ഷിണ മേഖലകളിലായി അരങ്ങിലെത്തുന്നത്. ദക്ഷിണ മേഖലാ മത്സരം ചങ്ങനാശേരിയിലാണ്. ദിവസവും വൈകിട്ട് 6.30 മുതലാണ് നാടകങ്ങള്‍ അരങ്ങേറുന്നത്. നാടകത്തിനു മുമ്പായി പന്തല്‍ചര്‍ച്ചകളും ജനകീയ സദസ്സുകളും സംഘടിപ്പിക്കും.
29ന് വൈകിട്ട് നാലിന് ആലിന്‍കീഴില്‍ നിന്ന് നാടകനഗരിയിലേക്ക് ഘോഷയാത്ര നടക്കും. ചലച്ചിത്ര സംവിധായകന്‍ മോഹന്‍ മേളയ്ക്ക് തിരികൊളുത്തും. സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment