ന്യൂഡല്‍ഹി: പ്രവാസി വോട്ടവകാശം നടപ്പാക്കുന്നതു സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. വിഷയം പഠിക്കുന്നതിന് ഡെപ്യൂട്ടി ഇലക്ഷന്‍ കമീഷണറുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപവത്കരിച്ചു. സമിതിയുടെ കരട് റിപ്പോര്‍ട്ട് ഇതിനകം തയാറായിട്ടുണ്ട്. വിശദമായ ചര്‍ച്ചകള്‍ക്കായി കരട് റിപ്പോര്‍ട്ട് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അയച്ചിരിക്കുകയാണ്.
മന്ത്രാലയങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞശേഷം അന്തിമ റിപ്പോര്‍ട്ട് തയാറാക്കി ഒരു മാസത്തിനകം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് മുമ്പാകെ തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സമയം അനുവദിച്ച കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നമുറക്ക് അതിന്‍െറ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കുമെന്ന് വ്യക്തമാക്കി.
യു.എ.ഇയിലെ പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ ഡോ. ഷംസീര്‍ വയലിലാണ് കേസിലെ ഹരജിക്കാരന്‍. പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ടുതന്നെ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നാണ് അഡ്വ. ഹാരിസ് ബീരാന്‍ മുഖേനെ സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം.
പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ചുവെങ്കിലും നാട്ടിലത്തെി വോട്ട് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ കാരണം ബഹുഭൂരിപക്ഷത്തിനും വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കുന്നില്ല. അതിന് പരിഹാരമായി ജനപ്രാതിനിധ്യ നിയമത്തിലെ 60 സി വകുപ്പ് കേവലമൊരു വിജ്ഞാപനത്തിലൂടെ ഭേദഗതിചെയ്ത് പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അല്ളെങ്കില്‍ ഓണ്‍ലൈന്‍ വോട്ട് സൗകര്യം അനുവദിക്കണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
വോട്ടുചെയ്യാന്‍ സൗകര്യം വേണമെന്ന പ്രവാസികളുടെ ആവശ്യം ന്യായമാണെന്ന് വ്യക്തമാക്കിയ കോടതി ഹരജി ഫയലില്‍ സ്വീകരിക്കുകയും തപാല്‍വോട്ട് അല്ലെങ്കില്‍ ഓണ്‍ലൈന്‍ വോട്ട് അനുവദിക്കുന്നതിന്‍െറ സാധ്യത പരിശോധിക്കണമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശം നല്‍കുകയും ചെയ്തു.
രാജ്യത്തിനകത്ത് നാട്ടില്‍ നിന്ന് ദൂരെയുള്ള സ്ഥലങ്ങളില്‍ താമസിച്ച് ജോലി ചെയ്യുന്നവര്‍ക്കും ഇത്തരത്തില്‍ വോട്ടുചെയ്യാന്‍ അവസരം നല്‍കേണ്ടതുണ്ടെന്നും കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ചാണ് ഡെപ്യൂട്ടി ഇലക്ഷന്‍ കമീഷണറുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപവത്കരിച്ചത്.
പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ വോട്ടു ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിന് അനുകൂല നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമീഷന്‍ തത്ത്വത്തില്‍ അതിനോട് യോജിച്ചുവെങ്കിലും പ്രായോഗിക പ്രശ്നങ്ങള്‍ തടസ്സമാണെന്ന നിലപാടാണ് നേരത്തേ സ്വീകരിച്ചത്. പ്രായോഗിക തടസ്സങ്ങള്‍ എങ്ങനെ മറികടക്കാമെന്നതാണ് ഡെപ്യൂട്ടി ഇലക്ഷന്‍ കമീഷണറുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതി മുഖ്യമായും പരിശോധിക്കുന്നത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment