മലയാളത്തിന് വീണ്ടുമൊരു അഭിമാന നിമിഷം; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ - Malabarflash

Like On Facebook

demo-image

Home Top Ad

Responsive Ads Here

Post Top Ad

Tuesday, August 5, 2014

demo-image

മലയാളത്തിന് വീണ്ടുമൊരു അഭിമാന നിമിഷം; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

Responsive Ads Here
sanju-samson
മുംബൈ: മലയാളത്തിന് വീണ്ടുമൊരു അഭിമാന നിമിഷം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടുമൊരു മലയാളി സാന്നിധ്യം. തിരുവനന്തപുരത്തുകാരന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റസ്മാന്‍ സഞ്ജു വി. സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഇന്ത്യയുടെ നീലക്കുപ്പായമണിയുന്ന മൂന്നാമത്തെ മലയാളിയാണ് സഞ്ജു. ടിനു യോഹന്നാന്‍, എസ്.ശ്രീശാന്ത് എന്നിവരാണ് സഞ്ജുവിന്റെ മുന്‍ഗാമികള്‍. മുംബൈക്കാരന്‍ എബി കുരുവിളയും കര്‍ണാടകയും റോബിന്‍ ഉത്തപ്പയും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ പാതി മലയാളികളാണ്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും ഇന്ത്യ എ ടീമിനുവേണ്ടിയും മികവുറ്റ ബാറ്റിങ് പ്രകടനം കാഴ്ചവച്ച സഞ്ജുവും റെയില്‍വെയുടെ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മയുമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ടി ട്വന്റിക്കും വേണ്ടിയുള്ള ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങള്‍. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി ട്വന്റി മത്സരവുമാണ് ഇന്ത്യ ഇംഗ്ലീഷ് മണ്ണില്‍ കളിക്കുക.

ഇയ്യിടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യ എ ടീമിനെ കിരീടം ചൂടിച്ച പ്രകടനമാണ് പത്തൊന്‍പതുകാരനായ സഞ്ജുവിന് സീനിയര്‍ ടീമിലേയ്ക്കുള്ള വഴി തുറന്നുകൊടുത്തത്. ഒരു അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു ഓസ്‌ട്രേലിയ എയ്‌ക്കെതിരെ പുറത്താകാതെ 49 റണ്‍ നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

കഴിഞ്ഞ രണ്ട് ഐ.പി.എല്‍ സീസണുകളിലും ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കിടയറ്റ പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയിലാണ് അന്ന് ടീമിനെ നയിച്ച രാഹുല്‍ ദ്രാവിഡ് സഞ്ജുവിനെ ഉപയോഗിച്ചത്. റോയല്‍സിന്റെ വിശ്വസ്ഥനായ ബാറ്റ്‌സ്മാനായ സഞ്ജുവായിരുന്നു 2013 സീസണിലെ ഏറ്റവും മികച്ച യുവതാരം. ഐ.പി. എല്ലിലും ചാമ്പ്യന്‍സ് ലീഗിലും അര്‍ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും സഞ്ജുവിന് സ്വന്താണ്. 2012ല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. 2013ല്‍ വിജയ് സോളിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ഉപനായകനായിരുന്നു.

13 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച സഞ്ജു 24 ഇന്നിങ്‌സിലായി നാലു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 911 റണ്‍സെടുത്തു. കഴിഞ്ഞ സീസണില്‍ അസമിനെതിരെ നേടിയ 211 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2011ല്‍ നാഗ്പുരില്‍ കേരളത്തിനുവേണ്ടി വിദര്‍ഭയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ 530 റണ്‍സെടുത്ത് കേരളത്തിന്റെ ടോപ്‌സ്‌കോററായതും സഞ്ജുവാണ്.

21 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി നാല് അര്‍ധ സെഞ്ച്വറി ഉള്‍പ്പടെ 554 റണ്‍സും 48 ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്നായി 1016 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശികളായ ലിജിയുടെയും സാംസണ്‍ വിശ്വനാഥിന്റെയും മകനായ സഞ്ജുവിന്റെ കരിയര്‍ തുടങ്ങുന്നത് കേരളത്തിന്റെ അണ്ടര്‍ 13 ടീമിലൂടെയാണ്. ദക്ഷിണ മേഖല അണ്ടര്‍ 13 ടൂര്‍ണമെന്റില്‍ കേരളത്തെ നയിച്ച സഞ്ജു അഞ്ചു മത്സരങ്ങളില്‍ നിന്ന് നാലു സെഞ്ച്വറി നേടിയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. പിന്നീട് കേരളത്തിന്റെ അണ്ടര്‍ 16 ടീമിന്റെ നായകനായ സഞ്ജു വിജയ് മര്‍ച്ചന്റ് ട്രോഫിക്കുവേണ്ടിയുള്ള ദക്ഷിണ മേഖലാ ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരെ 138 പന്തില്‍ നിന്ന് 200 റണ്‍സെടുത്ത് തന്റെ പ്രതിഭ തെളിയിച്ചു. സീസണിലെ ടോപ് സ്‌കോററായ സഞ്ജു ആ വര്‍ഷം തന്നെ കേരളത്തിന്റെ രഞ്ജി ടീമിലും ഇടം നേടി. കേവലം 15 വയസ്സില്‍.

പിന്നീട് കേരളത്തിന്റെ അണ്ടര്‍ 19 ടീമിനുവേണ്ടി കുച്ച് ബിഹാര്‍ ട്രോഫിയില്‍ നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സഞ്ജുവിന് ഇന്ത്യ അണ്ടര്‍ 19 ടീമിലേയ്ക്കുള്ള വഴി തുറന്നുകൊടുത്തത്. അങ്ങനെ 2012ല്‍ മലേഷ്യയില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ കുപ്പായമിണഞ്ഞു. എന്നാല്‍, മൂന്ന് മത്സരങ്ങള്‍ കളിച്ച സഞ്ജുവിന് 14 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. പിറ്റേ വര്‍ഷം യു.എ.ഇ.യില്‍ നടന്ന ഏഷ്യാ കപ്പില്‍ സഞ്ജു ഒരിക്കല്‍ക്കൂടി തന്റെ മികവു തെളിയിച്ചു. ഇക്കുറി പാകിസ്താനെതിരായ ഫൈനലില്‍ സഞ്ജു നേടിയ സെഞ്ച്വറിയാണ് ഇന്ത്യയെ കിരീടം നിലനിര്‍ത്താന്‍ സഹായിച്ചത്.

2012ല്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ടീമിലുണ്ടായിരുന്ന സഞ്ജുവിന് ഒരു മത്സരം പോലും കളിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, തൊട്ടടുത്ത സീസണില്‍ രാഹുല്‍ ദ്രാവിഡിന്റെ രാജസ്ഥാന്‍ റോയല്‍സില്‍ ചേര്‍ന്നതോടെയാണ് സഞ്ജുവിന്റെ ഭാഗ്യജാതകം തെളിയുന്നത്. സ്ഥിരം കീപ്പര്‍ ദീക്ഷന്ത് യാഗ്‌നിക്ക് പരിക്കില്‍ നിന്ന് മുക്തനാവാതിരുന്നതാണ് സഞ്ജുവിന് ഗുണം ചെയ്തത്. അങ്ങനെ യാഗ്‌നിക്കിന്റെ പകരക്കാരനായി കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി സഞ്ജു ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീടുള്ളത് ചരിത്രം.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മാറ്റു തെളിയിച്ച സഞ്ജു പെട്ടന്നു തന്നെ ദ്രാവിഡിന്റെ വിശ്വസ്ഥനായി. അരങ്ങേറ്റ മത്സരത്തില്‍ തന്നെ 33 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത സഞ്ജു രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സഞ്ജുവിന്റെ ആത്മവിശ്വാസത്തെയും ടെക്‌നിക്കിനെയും മാധ്യമങ്ങളും ഹര്‍ഷ ബോഗ്ലെയെപ്പോലുള്ള കമന്റേറ്റര്‍മാരും വാനേളം പുകഴ്ത്തുകയും ചെയ്തു.

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴസിനെതിരെ നടന്ന അടുത്ത മത്സരത്തില്‍ 41 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത് സഞ്ജു ദേശീയ ക്രിക്കറ്റ് രംഗത്തേയ്ക്കുള്ള തന്റെ വരവ് ശരിക്കും അറിയിച്ചു. അതുകഴിഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും പുണെ വാരിയേഴ്‌സിനും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനുമെല്ലാമെതിരെ മികവുറ്റ പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.

2013ലെ ചാമ്പ്യന്‍സ് ലീഗില്‍ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പടെ 192 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തത്.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ് സഞ്ജു.

ഇന്ത്യന്‍ ടീം: എം. എസ്. ധോനി, വിരാട് കോലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, സ്റ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, അമ്പാട്ടി റായിഡു, ഉമേഷ് യാദവ്, ധവാന്‍ കുല്‍ക്കര്‍ണി, സഞ്ജു സാംസണ്‍, കരണ്‍ ശര്‍മ.

Keywords: Sports, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Pages

Contact Form

Name

Email *

Message *